വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ, ആ രാജ്യത്തിനെതിരെ ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ പ്രധാന ശക്തിയായ ഇറാനെ തകർക്കുന്നതിനായി വിവിധ സൈനിക പദ്ധതികൾ വൈറ്റ് ഹൗസ് പരിശോധിച്ചു വരികയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനയിക്കും മകനും എതിരെ ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ, മിസൈൽ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണങ്ങൾ മുതൽ ഭരണകൂട മാറ്റം ലക്ഷ്യമിട്ടുള്ള വിപുലമായ സൈനിക നീക്കങ്ങൾ വരെ അമേരിക്കയുടെ പക്കലുണ്ടെന്നാണ് വിവരം.
2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വ്യോമസേന വിന്യാസമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ഫോർഡ് തുടങ്ങിയ വിമാനവാഹിനിക്കപ്പലുകൾ ഇതിനോടകം തന്നെ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ പരമോന്നത നേതാവ് അലി ഖംനയി. ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആണവ കരാറുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തെ അന്ത്യശാസനമാണ് ട്രംപ് ഇറാനു നൽകിയിരിക്കുന്നത്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനികമായ വഴി തിരഞ്ഞെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.



