17.2 C
Saudi Arabia
Saturday, February 21, 2026
spot_img

33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ വിദേശത്തേക്ക് വിറ്റു; യുപിയിൽ എൻജിനീയർക്കും ഭാര്യക്കും വധശിക്ഷ

ബന്ദ (ഉത്തർപ്രദേശ്): പത്ത് വർഷത്തോളം നീണ്ട കാലയളവിൽ 33 ആൺകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മുൻ സർക്കാർ ജൂനിയർ എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ മുൻ ജീവനക്കാരനായ രാം ഭാവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക കോടതി ‘അപൂർവങ്ങളിൽ അപൂർവമായ’ കേസ് എന്ന് നിരീക്ഷിച്ചുകൊണ്ട് മരണശിക്ഷക്ക് വിധിച്ചത്. മൂന്ന് വയസ്സുള്ള കുട്ടികൾ മുതൽ പീഡനത്തിനിരയായവരിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ഇരകളായ ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

2010 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് ഇവർ കുട്ടികളെ ലഹരിപദാർഥങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും പീഡനത്തിന് ഇരയാക്കിയത്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി ഡാർക്ക് വെബ് വഴി ഏകദേശം 47 രാജ്യങ്ങളിലുള്ളവർക്ക് ഇവർ വിറ്റിരുന്നതായും സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി. ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പീഡനം, കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രതികളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം ഇരകൾക്കിടയിൽ തുല്യമായി വീതിച്ചു നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles