17.2 C
Saudi Arabia
Saturday, February 21, 2026
spot_img

പാലത്തായി പോക്സോ കേസ്: ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവ് പത്മരാജന് പരോൾ അനുവദിച്ചു

കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജന് പരോൾ അനുവദിച്ചു. കുടുംബത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് പത്മരാജന് പരോൾ ലഭിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് ജയിൽ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. എന്നാൽ തുടർന്ന് സർക്കാർ തലത്തിലുള്ള ഇടപെടലിലൂടെ പരോൾ കാലാവധി കൂടുതൽ ദിവസത്തേക്ക് നീട്ടി നൽകുകയായിരുന്നു.

2020 ജനുവരി – ഫെബ്രുവരി കാലയളവിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചു എന്നതാണ് പത്മരാജനെതിരെയുള്ള കേസ്. കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മരണം വരെ ജീവപര്യന്തം തടവും വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവും വിധിച്ചിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതിക്ക് പരോൾ അനുവദിച്ച നടപടിയിൽ അതിജീവിതയുടെ കുടുംബവും സാമൂഹിക പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഘട്ടത്തിലും വിചാരണ വേളയിലും ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരുകൾക്കും വഴിവെച്ച കേസായിരുന്നു പാലത്തായി പീഡനക്കേസ്.

 

Related Articles

- Advertisement -spot_img

Latest Articles