തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്. ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ ഒന്നാം പ്രതിയാക്കി 25 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രിമന്ദിരത്തിന്റെ ഗേറ്റും ലോക്കും തകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. ഏകദേശം 28,000 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ന് രാവിലെ എട്ട് മണിയോടെ നടന്ന മിന്നൽ സമരം. പോലീസിനെ വെട്ടിച്ച് വസതിക്കുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ വാതിലിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. സംഭവസമയം വെറും മൂന്ന് പോലീസുകാർ മാത്രമാണ് വസതിയിലുണ്ടായിരുന്നത് എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥലത്തെത്തിയ കൂടുതൽ പോലീസുകാർ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് തെരുവിൽ വലിയ കയ്യാങ്കളിക്കും സംഘർഷത്തിനും കാരണമായി. സംഭവത്തിൽ ആഭ്യന്തര വകുപ്പ് പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.



