തിരുവനന്തപുരം :സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR 2026) ശേഷമുള്ള അന്തിമ വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
മുൻപത്തെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ഒൻപത് ലക്ഷത്തോളം വോട്ടർമാരുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മരണപ്പെട്ടവർ, വിദേശ പൗരത്വം നേടിയവർ, സ്ഥിരമായി താമസം മാറിയവർ തുടങ്ങിയവരെ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഏകദേശം 53,229 പേരെയാണ് ഹിയറിംഗിന് ശേഷം അന്തിമ ഘട്ടത്തിൽ നീക്കം ചെയ്തത്.
അതേസമയം, പുതുതായി വോട്ട് ചേർക്കാൻ അപേക്ഷിച്ച 13.51 ലക്ഷം പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി വോട്ടർമാരുടെ എണ്ണം 2,23,558 ആണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വോട്ടർ പട്ടികയായിരിക്കും മാനദണ്ഡമാക്കുക.
പൊതുജനങ്ങൾക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. വോട്ടർമാർക്ക് സ്വന്തം ബൂത്ത് തിരിച്ചുള്ള പട്ടിക പരിശോധിച്ച് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാം.



