17.2 C
Saudi Arabia
Saturday, February 21, 2026
spot_img

ഉഷ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തു; ആരോഗ്യനില തൃപ്തികരം

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കുടുങ്ങിയ കത്രിക കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. ഉഷ ജോസഫിന്റെ ശരീരത്തിൽ നിന്ന് ‘ആർട്ടറി ഫോഴ്‌സെപ്‌സ്’ (Artery forceps) എന്ന ഉപകരണമാണ് നീക്കം ചെയ്തത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസ് നിലവിലുള്ളതിനാൽ കളമശേരി ഗവ. മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. പുറത്തെടുത്ത ഉപകരണം അമ്പലപ്പുഴ ഡി.വൈ.എസ്.പിക്ക് കൈമാറി. ഉഷയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് കുടുംബത്തെ അറിയിച്ചു.

2021 മെയ് 5-നാണ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ ഉഷ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയയായത്. അന്നുമുതൽ അനുഭവപ്പെട്ട കടുത്ത വയറുവേദന മൂത്രത്തിൽ കല്ല് മൂലമാണെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് അധികൃതർ മടക്കി അയച്ചെങ്കിലും സ്വകാര്യ ലാബിൽ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് കത്രികക്ക് സമാനമായ ഉപകരണം കണ്ടെത്തിയത്. പിഴവ് പറ്റിയതായി മെഡിക്കൽ കോളജ് അധികൃതർ സമ്മതിച്ചിട്ടുണ്ട്. കെ.സി വേണുഗോപാൽ എം.പി ഇടപെട്ടാണ് ഇവർക്ക് അമൃത ആശുപത്രിയിൽ തുടർച്ചികിത്സ ഒരുക്കിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സൂപ്രണ്ടിനും നിർദ്ദേശം നൽകുകയും ചെയ്തു.

 

Related Articles

- Advertisement -spot_img

Latest Articles