17.2 C
Saudi Arabia
Saturday, February 21, 2026
spot_img

ദ്വീപുകളിൽ ഇനി മദ്യമൊഴുകും; നിരോധനകളിൽ ഇളവ് നൽകി കേന്ദ്രം, പ്രതിഷേധം ശക്തം

കവരത്തി: സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിലെ നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ വരുത്തി ഭരണകൂടം ഉത്തരവിറക്കി. ആൾത്താമസമുള്ള പത്ത് ദ്വീപുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള ‘ഡാക് ബംഗ്ലാവുകൾക്ക്’ മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നൽകിക്കൊണ്ട് കളക്ടർ ഡോ. ആർ. ഗിരി ശങ്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഇത് ഉയർത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, സാധുവായ പെർമിറ്റുള്ള വ്യക്തികൾക്ക് മാത്രമേ മദ്യം നൽകാവൂ എന്നും സ്റ്റോക്കിന്റെ അളവ് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ദ്വീപിന്റെ സാംസ്കാരിക തനിമയെയും സാമൂഹിക വ്യവസ്ഥിതിയെയും തകർക്കുന്ന നടപടിയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനവികാരം കണക്കിലെടുക്കാതെയുള്ള ഇത്തരമൊരു തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ പ്രതികരിച്ചു. ദ്വീപിൽ മദ്യം സുലഭമായി ഒഴുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ വരുംദിവസങ്ങളിൽ ലക്ഷദ്വീപിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാനാണ് സാധ്യത.

Related Articles

- Advertisement -spot_img

Latest Articles