കോട്ടയം: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വർഗീയതയും അസത്യവും പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി-2’ എന്ന സിനിമക്കെതിരെ വേറിട്ട പ്രതിഷേധവുമായി പാമ്പാടി കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾ. ക്യാമ്പസിൽ ബീഫ് കറിയും കപ്പയും തയ്യാറാക്കി വിതരണം ചെയ്ത് ‘ബീഫ് ഫെസ്റ്റ്’ നടത്തിയാണ് വിദ്യാർഥികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിനിമ പഠിക്കുന്ന വിദ്യാർഥികൾ എന്ന നിലയിൽ ഇത്തരം പ്രൊപ്പഗാൻഡ സിനിമകൾ സമൂഹത്തിലുണ്ടാക്കുന്ന ദോഷകരമായ സ്വാധീനത്തെ പ്രതിരോധിക്കാനാണ് ഈ നീക്കമെന്ന് അവർ വ്യക്തമാക്കി. കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടെ ട്രെയിലറിലെ പല ഭാഗങ്ങളും തെറ്റായ വിവരങ്ങൾ നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും ശക്തമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും വിദ്വേഷം പടർത്താനുമാണ് ഇത്തരം സിനിമകൾ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് ഗൗരവകരമായ കാര്യമാണെന്നും കേരളത്തെയും മലയാളികളെയും അപമാനിക്കാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിനിമയുടെ ഉള്ളടക്കത്തിലെ അസത്യങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.



