ദോഹ: ഇറാനുമായുള്ള പ്രാദേശിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ സൈനികരെ പിൻവലിച്ചു തുടങ്ങി. നൂറുകണക്കിന് സൈനികരെയും മറ്റ് ഉദ്യോഗസ്ഥരെയുമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി മാറ്റുന്നത്. ഖത്തറിന് പുറമെ ബഹ്‌റൈനിൽ നിന്നും ചില സൈനിക വിഭാഗങ്ങളെ പിൻവലിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, തിരിച്ചടിയുണ്ടായാൽ മേഖലയിലെ അമേരിക്കൻ താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സൈനികരുടെ സുരക്ഷ കണക്കിലെടുത്തുള്ള നീക്കം.
മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ് അൽ-ഉദൈദ്. ഏകദേശം പതിനായിരത്തോളം സൈനികർ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതൊരു ‘പദവി മാറ്റം’ മാത്രമാണെന്നും പൂർണ്ണമായ ഒഴിപ്പിക്കലല്ലെന്നും നയതന്ത്ര വൃത്തങ്ങൾ വിശദീകരിക്കുന്നു. ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസും ഈ നടപടി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇറാഖ്, സിറിയ, കുവൈത്ത്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ സൈന്യം നിലവിൽ തുടരുകയാണ്. മേഖലയിലെ സമാധാനാന്തരീക്ഷം കലുഷിതമാകുന്നതിനിടെയുള്ള ഈ സൈനിക പിന്മാറ്റം ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.



