റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട് കാരപറമ്പ് കണകോവിൽതാഴം വളാശ്ശേരി നജ്മുദ്ദീൻ (52) ആണ് മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പരേതരായ രായിൻ ഹാജിയുടെയും സുബൈതയുടെയും മകനാണ്. ഖദീജയാണ് ഭാര്യ. മക്കൾ: ഷുഹൈബ് നിഹാൽ (ദുബൈ), നാഫി അദ്‌നാൻ, അഹമ്മദ് റയ്യാൻ.
റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ ജുനൈദ് താനൂർ, റാഷിദ് ദയ, ഷുക്കൂർ കോഴിക്കോട് എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഔദ്യോഗികമായി മറവ് ചെയ്യും.



