ന്യൂഡൽഹി: നിർമ്മിത ബുദ്ധി (AI) മേഖലയിലെ ആഗോള കൂട്ടായ്മയായ ‘ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (GPAI)ൽ സൗദി അറേബ്യ ഔദ്യോഗികമായി അംഗമായി. ഈ നിർണ്ണായക നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദി അറേബ്യ. ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ വെച്ച് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) പ്രസിഡന്റ് ഡോ. അബ്ദുള്ള അൽഗാംദിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഉത്തരവാദിത്തത്തോടും വിശ്വാസ്യതയോടും കൂടിയുള്ള നിർമ്മിത ബുദ്ധി വികസനത്തിൽ സൗദി അറേബ്യ വഹിക്കുന്ന ആഗോള നേതൃത്വത്തിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പിന്തുണയോടെ, ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ജി7 രാജ്യങ്ങളുടെ മുൻകൈയിൽ രൂപീകരിച്ച ജി.പി.എ.ഐ-യിൽ അംഗമാകുന്നതിലൂടെ എഐ മേഖലയിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിൽ സൗദിക്ക് സജീവ പങ്കാളിത്തമുണ്ടാകും. സാങ്കേതിക വിദ്യയുടെ ധാർമ്മികമായ ഉപയോഗം ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയിൽ വൻതോതിലുള്ള ആഗോള നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാനും ഇത് സഹായിക്കും. നിലവിൽ ഒഇസിഡി (OECD)യുടെ എഐ പോളിസി ഒബ്സർവേറ്ററിയിലേക്ക് ഏറ്റവും കൂടുതൽ നയരൂപീകരണങ്ങൾ സമർപ്പിച്ച രാജ്യങ്ങളിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ.



