കാസറഗോഡ്: അയൽവാസിയുടെ സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെ ത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കാസറഗോഡ് നാലത്തടുക്ക സ്വദേശി ജസീല(24)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസീലയുടെ മരണം ശനിയാഴ്ചയോടെയാണ് സംഭവിച്ചത്. അയൽവാസിയുടെ ഒമ്പതര പവൻ സ്വർണം ജസീല മോഷ്ടിച്ചുവെന്ന് ആരോപിച്ച് തുടർച്ചയായ മാനസിക പീഡനം നടന്നിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മരിക്കുന്നതിന് മുൻപ് ജസീല ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലും എഴുതിയ ആത്മഹത്യാക്കുറിപ്പിലും പോലീസ് ഉദ്യോഗസ്ഥർക്കും ഭർത്താവിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
താൻ അറിയാത്ത കുറ്റം പോലീസ് തന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മരിച്ച ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും വീഡിയോയിൽ ജസീല വികാരാധീനയായി പറയുന്നു. ഭർത്താവും തന്നെ മാനസികമായി പീഡിപ്പിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും അവർ സ്വീകരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. ജസീലയുടെ മരണത്തോടെ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പോലീസ് കണ്ടെടുത്ത വീഡിയോ സന്ദേശവും ആത്മഹത്യാക്കുറിപ്പും കേസിൽ നിർണ്ണായക തെളിവുകളാകും.
“ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഞാന്‍ കുറേ വിഷമിക്കുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസ് ആയിട്ടുണ്ട്. അത് ഞാനെടുത്തുവെന്നാണ് പറയുന്നത്. ഞാനെടുത്തിട്ട് പോലുമില്ല. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. എന്റെ പേരില്‍ എന്തൊക്കെയോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഞാന്‍ ഏതൊക്കെയോ ചെക്കന്‍മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്ത് നിന്നുവെന്നെല്ലാം എന്തൊക്കെയോ ആരോപണം പറഞ്ഞ് നടക്കുവാ. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരും പരിചയത്തിലുള്ളവരും അറിഞ്ഞു. എന്റെ വീട്ടില്‍ ആര്‍ക്കും സമാധാനമില്ല. മരിക്കേണ്ട അവസ്ഥയിലാണ് എല്ലാവരും. എന്റെയും എന്റെ മക്കളുടെയും മരണത്തിന് ഉത്തരവാദി എന്റെ ഫ്രണ്ടും അവരുടെ ഉപ്പയും ഉമ്മയുമാണ്. എന്നെ നാണംകെടുത്തി. രണ്ടുപേര്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അവര്‍ എന്തൊക്കെയോ അനാവശ്യം പറഞ്ഞിട്ട് പോയി. എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല. റിട്ടണ്‍ കംപ്ലെയിന്റ് കൊടുക്കാമെന്ന് വച്ചാല്‍ പൊലീസ് സ്റ്റേഷനിലെ ആള്‍ക്കാര് അത് സമ്മതിക്കുന്നുമില്ല. എന്റെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞിട്ട് റിട്ടണ്‍ കംപ്ലെയിന്റ് കൊടുക്കാന്‍ അവര് സമ്മതിക്കുന്നില്ല. എന്റെ മരണത്തിന് ഉത്തരവാദി ഇവരൊക്കെയാണ്. എന്റെ ഹസ്ബന്റും ഉണ്ടതില്‍.
ഞാന്‍ അധിക ദിവസം ജീവിച്ചിരിക്കില്ല. എത്ര ദിവസം ഉണ്ടാകുമെന്ന് എനിക്ക് അറിയില്ല. എന്റെ സത്യം തെളിയാന്‍ വേണ്ടി മാക്‌സിമം ട്രൈ ചെയ്തു. ഞാന്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിഞ്ഞാല്‍ ഇവര്‍ക്ക് ആ ശിക്ഷ കൊടുക്കണം. എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഞാന്‍ കാരണം ഒരു സമാധാനം ഉണ്ടായിട്ടില്ല. അവരെ എപ്പോഴും വിഷമിപ്പിച്ചു. ഇതിന്റെ പേരില്‍ അവര് കുറേ അനുഭവിക്കുന്നുണ്ട്. ഇനിയിപ്പോ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. കുറേ പ്രാര്‍ഥിച്ചു, നേര്‍ച്ച വച്ചു.
എടുക്കാത്ത ആഭരണം ഞാന്‍ എങ്ങനെ പോയി കൊടുക്കാന്‍ ആണ്? ഒന്‍പതരപ്പവനുണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഹസ്ബന്റാണെങ്കില്‍ എപ്പോഴും ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് വേറെ ബോയ്‌സുമായി ബന്ധമുണ്ടെന്നൊക്കെയാണ് പറയുന്നത്. എന്റെ മക്കളെ ഇവിടെ നിര്‍ത്താന്‍ പറ്റൂല. ആരും നോക്കാന്‍ ഇല്ല. അവരെയും ഞാന്‍ കൊണ്ടുപോകുവാ. ഞാന്‍ മരിച്ചിട്ടെങ്കിലും എന്റെ സത്യം തെളിയണം. ഇനിയെത്ര ദിവസം,എത്ര നിമിഷം, എത്ര മണിക്കൂര്‍ ഞാന്‍ നില്‍ക്കുമെന്ന് എനിക്ക് അറിയില്ല.അത്രയ്ക്കും വയ്യാത്ത അവസ്ഥയിലാണ് ഞാന്‍ ഉള്ളത്. ഞാനും എന്റെ മക്കളും പോയിട്ടുണ്ടെങ്കില്‍ ഇവരെ നിയമപരമായി ശിക്ഷിക്കണം. പൊലീസ് സ്റ്റേഷനില്‍ കംപ്ലെയിന്റ് കൊടുത്തിട്ട് അവരെന്നെ നാണംകെടുത്തിവച്ചു. സത്യം തെളിയാന്‍ കംപ്ലെയിന്റ് കൊടുക്കാന്‍ ഞാനാണ് പറഞ്ഞത്. പക്ഷേ എന്നെത്തന്നെ….ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മരിച്ചാല്‍ ഞാനും എന്റെ മക്കളും പോയി. വേറെ ആര്‍ക്കും ഒന്നുമില്ല.
എല്ലാവരും എന്നെ കുറ്റപ്പെടുത്തുകയാണ്. ഇങ്ങനെയെല്ലാമാകും എന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ആ വീട്ടിലേക്ക് പോകുമായിരുന്നോ? നിങ്ങള്‍ തന്നെ പറയ്. ഞാന്‍ മനസാവാചാ അറിയാത്ത കാര്യമാണിത്. അവിടെ റൂമെടുത്തിട്ട് പോയി, ഇവിടെ പോയി എന്നൊക്കെ പറയുന്നു. എനിക്കറിയത്തുപോലുമില്ല. ഗോള്‍ഡ് മിസായിട്ടുണ്ടെങ്കില്‍ അതിന്റെ പേര് പറയണം. അല്ലാതെ എന്നെ എന്തിനാ ഇങ്ങനെ നാണംകെടുത്തിയത്? എന്റെ മക്കള്‍ക്ക് ഇനി ജീവിക്കാന്‍ കഴിയുമോ? തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ? ഒന്നും പറ്റില്ലല്ലോ… അതുകൊണ്ടാണ് അവരെയും ഞാന്‍ കൊണ്ടുപോകുന്നത്. സത്യം ഒരു ദിവസം തെളിയുമെന്ന വിശ്വാസത്തോടെ ആണ് പോകുന്നത്. ഞാനീ ദുനിയാവില്‍ ഇല്ലെങ്കിലും ഒരു ദിവസം സത്യം തെളിയും. എന്റെ മക്കളെയും കൊണ്ട് ഞാന്‍ പോകുവാണ്.”



