27.8 C
Saudi Arabia
Monday, February 23, 2026
spot_img

സ്പാർക്കിൽ നിന്ന് ഡാറ്റ ചോർത്തി മുഖ്യമന്ത്രിയുടെ സന്ദേശം; പരാതിയുമായി ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ

കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് (SPARK) പോർട്ടലിൽ നിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ പേരും ഫോൺ നമ്പറും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചത് സ്വകാര്യതയുടെ ലംഘനമാണെന്നും ചട്ടവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഡി.എ കുടിശ്ശിക അനുവദിച്ചതിന് പിന്നാലെ ജീവനക്കാരെ പേര് ചൊല്ലി അഭിസംബോധന ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം എത്തിയത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുറമെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ, സംരംഭകർ തുടങ്ങിയവർക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് മാത്രം ആക്സസ് ഉള്ള സ്പാർക്കിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭ്യമായി എന്നതിൽ വ്യക്തതയില്ലെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു. ‘സി.എം വിത്ത് മീ സിറ്റിസൺ കണക്ട് സെന്റർ’ എന്ന വെരിഫൈഡ് അക്കൗണ്ടിലൂടെയാണ് സർക്കാരിന്റെ കരുതലിനെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തുന്നത്. ഇതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ, കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡാറ്റാ മോഷണത്തിന് പിന്നിലെ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

Related Articles

- Advertisement -spot_img

Latest Articles