ഷാർജ: റമദാൻ മാസത്തിലും വരാനിരിക്കുന്ന വേനൽക്കാല അവധിയിലും യാത്ര പ്ലാൻ ചെയ്യുന്നവർക്കായി ആകർഷകമായ ഓഫറുകളുമായി ഷാർജയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ. തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ‘റമദാൻ പ്രമോഷൻ’ സെയിലാണ് എയർഅറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ഫെബ്രുവരി 25 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിൽ ബുക്ക് ചെയ്യുന്നവർക്ക് 2026 മാർച്ച് 25 മുതൽ ജൂൺ 15 വരെയുള്ള സമയങ്ങളിൽ യാത്ര ചെയ്യാവുന്നതാണ്.
എയർ അറേബ്യയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ബുക്ക് ചെയ്യുമ്പോൾ ‘RAMADAN’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ യാത്രക്കാർക്ക് ഇളവ് ലഭിക്കും. വിവിധ യാത്രാ നിരക്കുകൾക്കനുസരിച്ചാണ് ഇളവുകൾ നിശ്ചയിച്ചിരിക്കുന്നത്. ബേസിക് നിരക്കുകൾക്ക് 20 ശതമാനവും, വാല്യു നിരക്കുകൾക്ക് 30 ശതമാനവും, അൾട്ടിമേറ്റ് നിരക്കുകൾക്ക് 40 ശതമാനവും കിഴിവ് ലഭിക്കും. ഇന്ത്യയുൾപ്പെടെയുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നത് പ്രവാസികൾക്കും അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ ആശ്വാസമാണ്.



