ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിയമപാലനത്തിനിടയിൽ പോലീസ് ഓഫീസർ അശ്വനികുമാർ കാണിച്ച കാരുണ്യത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പതിവ് വാഹന പരിശോധനയ്ക്കിടയിൽ ഹെൽമെറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രക്കാരനെ അശ്വനികുമാർ തടഞ്ഞു നിർത്തി ധരിക്കാൻ ഹെൽമറ്റും റംസാൻ കിറ്റും നൽകുകയായിരുന്നു.
ആശുപത്രിയിൽ പോയി വരുന്ന തിരക്കിൽ ഹെൽമെറ്റ് എടുക്കാൻ മറന്നുപോയതാണെന്നും ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്നും സത്യം ചെയ്ത യാത്രക്കാരനോട് അസാധാരണമായ ഒരു നിർദ്ദേശമാണ് ഓഫീസർ മുന്നോട്ട് വെച്ചത്. റംസാൻ മാസമായതിനാൽ യാത്രക്കാരൻ നോമ്പ് അനുഷ്ഠിക്കുകയാണെന്ന് മനസ്സിലാക്കിയ അശ്വനികുമാർ അദ്ദേഹത്തിന് മുന്നിൽ രണ്ട് നിർദേശങ്ങൾ വെച്ചു. ഒന്നുകിൽ തന്നോടൊപ്പം ഇരുന്ന് നോമ്പ് തുറക്കുക, അല്ലെങ്കിൽ പോലീസിന്റെ വകയായി ഒരു പുതിയ ഹെൽമെറ്റ് സമ്മാനമായി സ്വീകരിക്കുക.
എന്നാൽ വീട്ടിൽ കുടുംബം നോമ്പ് തുറക്കാൻ കാത്തിരിക്കുകയാണെന്നും മറ്റൊരു ദിവസം തീർച്ചയായും വരാമെന്നും യാത്രക്കാരൻ മറുപടി നൽകി. ഇത് കേട്ട ഓഫീസർ യാതൊരു മടിയും കൂടാതെ ഒരു പുതിയ ഹെൽമെറ്റ് അദ്ദേഹത്തിന്റെ തലയിൽ നേരിട്ട് വെച്ചുകൊടുത്തു. ഒപ്പം യാത്രക്കാരന്റെ കുടുംബത്തിന് നോമ്പ് തുറക്കാനായി വിഭവങ്ങൾ അടങ്ങിയ ഒരു ‘റംസാൻ കിറ്റും’ സമ്മാനിച്ചാണ് മടക്കി അയച്ചത്.
ശിക്ഷിക്കുന്നതിലുപരി തിരുത്താനും സ്നേഹിക്കാനുമാണ് പോലീസ് മുൻഗണന നൽകേണ്ടതെന്ന് തെളിയിച്ച അശ്വനികുമാറിനും സഹപ്രവർത്തകർക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇത്തരം മാതൃകാപരമായ പ്രവർത്തികൾ ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പലരും പ്രകീർത്തിച്ചു.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക.
https://www.instagram.com/reel/DVECYapkg9W/?igsh=ODZ6djRkcDNjOWJs



