22.3 C
Saudi Arabia
Tuesday, February 24, 2026
spot_img

വയറ്റിൽ കുടുങ്ങിയ കത്രിക മൂത്രസഞ്ചി തുളച്ചു; ഉഷയുടെ ശസ്ത്രക്രിയ വിവരങ്ങൾ പുറത്ത്

കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം (ഫോർസെപ്സ്) കൊച്ചി അമൃത ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പുന്നപ്ര സ്വദേശിനി ഉഷയുടെ (51) വയറ്റിലുണ്ടായിരുന്ന ‘മൊസ്കിറ്റോ ആർട്ടറി ഫോർസെപ്സ്’ എന്ന ഉപകരണം മൂത്രസഞ്ചി തുളച്ച് ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. മൂത്രത്തിലെ ലവണാംശം അടിഞ്ഞുകൂടി ഉപകരണത്തിന്റെ അഗ്രഭാഗത്ത് കല്ല് രൂപപ്പെടുകയും ഇത് മൂത്രസഞ്ചിയുടെ ആന്തരിക പാളികളിൽ ഉരസി മുറിവുണ്ടാക്കിയതുമാണ് മൂത്രത്തിൽ രക്തം കാണപ്പെടാൻ കാരണമായതെന്ന് ഡോക്ടർമാർ വിശദീകരിച്ചു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് അമൃതയിലെ സർജറി വിഭാഗം മേധാവി ഡോ. ഓ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്ജീവൻ എന്നിവർ നേതൃത്വം നൽകി. പുറത്തെടുത്ത ഫോർസെപ്സ് കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡി.വൈ.എസ്.പിക്ക് കൈമാറി.

അഞ്ച് വർഷം മുൻപ് ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഈ ഉപകരണം വയറ്റിൽ മറന്നുവെച്ചത്. അടുത്തിടെ അനുഭവപ്പെട്ട കഠിനമായ വയറുവേദനയെ ത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. കിഡ്‌നി സ്റ്റോൺ ആണെന്ന നിഗമനത്തിൽ നടത്തിയ അൾട്രാ സൗണ്ട് സ്കാനിലും എക്സറേയിലുമാണ് ലോഹഭാഗം കണ്ടെത്തിയത്. ഉപകരണത്തിന്റെ അഗ്രഭാഗത്ത് കല്ല് രൂപപ്പെട്ടതിനാൽ നടക്കുമ്പോഴും അനങ്ങുമ്പോഴും ഉഷയ്ക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ഡോ. ജെ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെ സർക്കാർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഉഷ നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Related Articles

- Advertisement -spot_img

Latest Articles