പത്തനംതിട്ട: വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. റാന്നി പാറക്കൽ തുണ്ടിൽ നിതിൻ മോഹനെയാണ് എൻ.ഡി.പി.എസ് നിയമപ്രകാരം ചെങ്ങന്നൂർ പുത്തൻകാവ് എ.കെ.ജി ജംഗ്ഷനിൽ വെച്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന 10.092 ഗ്രാം എം.ഡി.എം.എയും കഞ്ചാവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്ന് ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ സ്വദേശികളായ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ വി. സജീവ്, ഇൻസ്പെക്ടർ ജോഷി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിജു പ്രകാശ്, ജോജൻ ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോകുൽ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്, പ്രവീൺ, വനിതാ ഓഫീസർ വിജയലക്ഷ്മി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.



