റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ മേഖലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ പൊടി പടരുന്നതിനും കാഴ്ചാപരിധി കുറയുന്നതിനും സാധ്യതയുള്ളതിനാൽ വാഹനയാത്രികരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം കാലാവസ്ഥാ മാറ്റം അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച വരെ (ഫെബ്രുവരി 28) രാജ്യത്ത് ഇതേ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് എൻ.സി.എം വ്യക്തമാക്കി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ കാഴ്ചാപരിധി ഒരു കിലോമീറ്ററിൽ താഴെയായി കുറഞ്ഞേക്കാം. തീരദേശ മേഖലകളിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.



