24.3 C
Saudi Arabia
Sunday, April 12, 2026
spot_img

വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിലില്ല; ആർപിഎഫിന്റെ വെളിപ്പെടുത്തലിൽ പുതിയ വഴിത്തിരിവ്

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചുവെന്ന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്). കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് ആർപിഎഫ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന റെയിൽവേ പോലീസിന് നൽകിയ മറുപടിയിലാണ് ആർപിഎഫ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മന്ത്രിയെ ആക്രമിച്ചുവെന്ന പരാതിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ ഗൗരവകരമായ ആരോപണങ്ങളാണ് ഉള്ളത്. കെഎസ്‌യു പ്രവർത്തകർ ആയുധങ്ങളുമായി മന്ത്രിയെ ആക്രമിച്ചുവെന്നും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് കഴുത്തിന് നേരെ ചാടി വീണെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. മന്ത്രിയുടെ ഗൺമാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അഭാവം കേസിന്റെ തുടരന്വേഷണത്തിൽ ഏത് രീതിയിൽ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.

 

Related Articles

- Advertisement -spot_img

Latest Articles