ന്യൂഡൽഹി: മാസാവസാന ശമ്പളം ലഭിക്കുന്ന സമയത്ത് യാത്രക്കാർക്ക് ആശ്വാസമേകാൻ കുറഞ്ഞ നിരക്കിലുള്ള ‘പേ ഡേ സെയിൽ’ (PayDay Sale) പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ മികച്ച ഇളവുകളാണ് ഈ ഓഫർ വഴി ലഭ്യമാകുന്നത്. 2026 മാർച്ച് 1 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2026 മാർച്ച് 3 മുതൽ ഒക്ടോബർ 8 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകുക. ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തിലാണ് അന്താരാഷ്ട്ര നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഗൾഫ് സെക്ടറിൽ നിന്നുള്ള ടിക്കറ്റുകൾക്ക് ‘ലൈറ്റ്’ (ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്തവ) നിരക്കുകൾ സൗദി അറേബ്യയിൽ 286 റിയാൽ, യുഎഇയിൽ 323 ദിർഹം, ഒമാനിൽ 22.8 റിയാൽ, ഖത്തറിൽ 468 റിയാൽ, കുവൈറ്റിൽ 28 ദിനാർ, ബഹ്‌റൈനിൽ 47 ദിനാർ എന്നിങ്ങനെ തുടങ്ങുന്നു. എയർലൈനിന്റെ വെബ്സൈറ്റ് (airindiaexpress.com), മൊബൈൽ ആപ്പ് എന്നിവ വഴിയോ മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് ‘സീറോ കൺവീനിയൻസ് ഫീ’ (Zero Convenience Fee) എന്ന ആനുകൂല്യവും ലഭിക്കും.
കൂടാതെ, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂം, സൗജന്യ ഭക്ഷണമായ ‘ഗോർമയർ’ (Gourmair), മുൻഗണനാ സേവനങ്ങൾ എന്നിവയും ഈ ഓഫറിന്റെ ഭാഗമായി ലഭ്യമാകും. എക്സ്പ്രസ് ലൈറ്റ് ഫെയറിൽ യാത്ര ചെയ്യുന്നവർക്ക് ആവശ്യമാണെങ്കിൽ കുറഞ്ഞ നിരക്കിൽ ചെക്ക്-ഇൻ ബാഗേജ് സൗകര്യം നേരത്തെ ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്. ആഭ്യന്തര റൂട്ടുകളിൽ 15 കിലോയ്ക്ക് 1500 രൂപയും അന്താരാഷ്ട്ര റൂട്ടുകളിൽ 20 കിലോയ്ക്ക് 2500 രൂപയുമാണ് നിരക്ക്. യാത്രക്കാർക്ക് തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും കുറഞ്ഞ ചിലവിൽ വിദേശയാത്രകൾ നടത്താനും ഈ സെയിൽ വലിയ അവസരമാണ് ഒരുക്കുന്നത്.



