24.7 C
Saudi Arabia
Thursday, February 26, 2026
spot_img

ജെഎൻയുവിൽ വിദ്യാർഥി പ്രതിഷേധം; പോലീസുമായി സംഘർഷം, യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ജെഎൻയു വിദ്യാർഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് ഡൽഹി പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസ് യുദ്ധക്കളമായത്. ക്യാമ്പസിലെ ജാതി വിവേചനം അവസാനിപ്പിക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, വിവാദ പരാമർശങ്ങളുടെ പേരിൽ വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റിന്റെ രാജി ആവശ്യപ്പെടുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു മാർച്ച്. സർവകലാശാലയുടെ പ്രധാന കവാടത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് വഴി തടഞ്ഞതോടെ പ്രകോപിതരായ വിദ്യാർഥികൾ ഗേറ്റിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ആക്കം കൂട്ടി.

തുടർന്നുണ്ടായ ഉന്തും തള്ളും സംഘർഷത്തിനുമിടെ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര, മുൻ പ്രസിഡന്റ് നിതീഷ് കുമാർ എന്നിവരടക്കം നിരവധി വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെ വൻ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ക്യാമ്പസിൽ വിവിധ വിദ്യാർഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. സർവകലാശാലാ ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles