ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുഞ്ഞിത്താൻ മാളിയേക്കൽ മുഹമ്മദ് മുസ്തഫ (63) ആണ് അന്തരിച്ചത്. രണ്ടാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജുബൈലിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ജുബൈലിലെ ഒരു ട്രേഡിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു മുസ്തഫ. ദീർഘകാലമായി കുടുംബത്തോടൊപ്പമാണ് അദ്ദേഹം സൗദിയിൽ താമസിച്ചിരുന്നത്. പരേതരായ അഹമ്മദ് കോയ ചെറിയകത്തിന്റെയും മറിയംബിയുടെയും മകനാണ്. കോഴിക്കോട് സ്വദേശിനി പൂവായിന്റകത്ത് റഹീനയാണ് ഭാര്യ. മക്കൾ: മിഷാൽ (ദമ്മാം), നാജിയ (നാട്ടിൽ). കെ.എം. അബ്ദുൽ ജബ്ബാർ, മുജീബ്, ഇമ്പിച്ചാമിനബി, സുബൈദ, നഫീസ, സഹീറ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.



