ലക്‌നൗ: ഉത്തർപ്രദേശിലെ ഡൽഹി-ഡെറാഡൂൺ സഹാറൻപൂർ എക്‌സ്‌പ്രസ് ഹൈവേയുടെ ചുമരുകളിൽ മുസ്‌ലിംകൾക്ക് പ്രവേശനമില്ലെന്ന് എഴുതിയ ഹിന്ദു രക്ഷാദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വിവാദമായ ചുവരെഴുത്തുകൾ പാതയിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ യാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. ദേശീയപാത അതോറിറ്റി ജീവനക്കാരനായ സുനിൽകുമാറിന്റെ പരാതിയിൽ ബിഹാറിഗർ പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ സംസ്ഥാന അധ്യക്ഷൻ ലളിത് ശർമ്മ പരസ്യമായി രംഗത്തെത്തി. സഹാറൻപൂരിലെ മറ്റൊരു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു നടപടിയെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രവർത്തകർ കറുത്ത പെയിന്റ് ഉപയോഗിച്ച് ചുവരുകളിൽ എഴുതുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി കർശനമാക്കിയത്. കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.



