14.6 C
Saudi Arabia
Sunday, March 1, 2026
spot_img

ഇസ്രായേലിന്റെ അധിനിവേശ നയങ്ങളെ അപലപിച്ച് ഒ.ഐ.സി; അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം

ജിദ്ദ: ഫലസ്തീൻ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ അധിനിവേശ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ അപലപിച്ച് ഇസ്‌ലാമിക് സഹകരണ സംഘടന (OIC). ജിദ്ദയിൽ ചേർന്ന സംഘടനയുടെ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇസ്രായേലിന്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളെ പൂർണ്ണമായും തകർക്കുമെന്ന് ഒ.ഐ.സി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഫലസ്തീൻ ജനതയുടെ ചരിത്രപരമായ അവകാശങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഈ നീക്കങ്ങളെ ചെറുക്കാൻ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും സംഘടന വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഉറപ്പാക്കണമെന്നും ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗം, ഫലസ്തീൻ പ്രശ്നത്തിൽ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ തങ്ങളുടെ നയതന്ത്ര പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles