തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തതെന്നും, അന്വേഷണത്തിന് ശേഷം മാത്രമേ ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധനകൾ നടന്നു വരികയാണെന്നും ഡിജിപി കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം പുലർച്ചെ നാല് മണിയോടെ ഡിസ്ചാർജ് ചെയ്തു. നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമിക്കുന്ന മന്ത്രിക്ക് ഡോക്ടർമാർ നാല് ദിവസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തേടാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും മന്ത്രി ഇതുവരെ അവിടെ എത്തിയിട്ടില്ല. മാർച്ച് രണ്ട് വരെയുള്ള മന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു.
മന്ത്രിക്കുണ്ടായ പരിക്കിന്റെ ഗൗരവത്തെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങളും ശക്തമാണ്. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിട്ടും മന്ത്രി കാറിൽ പത്തനംതിട്ടയിലേക്ക് പോയതിനെ പരിഹസിച്ച് കെഎസ്‌യു ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. ആരോഗ്യ മന്ത്രി എവിടെ എന്ന ചോദ്യമുയർത്തി പ്രതിഷേധ പരിപാടികൾക്കും സോഷ്യൽ മീഡിയാ ക്യാമ്പയിനുകൾക്കും പ്രതിപക്ഷം തുടക്കമിട്ടു കഴിഞ്ഞു. വധശ്രമക്കേസ് ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്തുവരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.



