16.3 C
Saudi Arabia
Saturday, February 28, 2026
spot_img

ഗൾഫ് രാജ്യങ്ങളിൽ വ്യോമപാത അടച്ചു: ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ദോഹ : മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ ഖത്തറിലെ പ്രധാന യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ദോഹയിലെ അൽ-ഉദൈദ് എയർബേസിനെ ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്.

ആക്രമണത്തെത്തുടർന്ന് മേഖലയിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഖത്തർ, കുവൈത്ത്, യുഎഇ, ബഹ്‌റൈൻ, ഇറാഖ് എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു.
ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ‘ഓപ്പറേഷൻ ഗ്ലാഡ് ടൈഡിംഗ്‌സ് ഓഫ് വിക്ടറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം

അമേരിക്കയുടെ ആക്രമണങ്ങൾക്കുള്ള ശക്തമായ മറുപടിയാണെന്നും എന്നാൽ അയൽരാജ്യമായ ഖത്തറിന് ഇത് ഭീഷണിയല്ലെന്നും ഇറാൻ വ്യക്തമാക്കി. പത്തോളം ബാലിസ്റ്റിക് മിസൈലുകളാണ് ഖത്തറിലെ താവളം ലക്ഷ്യമാക്കി തൊടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് വിശേഷിപ്പിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, മിസൈലുകൾ തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടഞ്ഞതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അറിയിച്ചു. അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗണും താവളത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും സൈനികർ സുരക്ഷിതരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യോമപാതകൾ അടച്ചതോടെ ഗൾഫ് മേഖലയിലൂടെയുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ റൂട്ട് മാറ്റുകയോ ചെയ്തിട്ടുണ്ട്. അതേസമയം, സാഹചര്യം വിലയിരുത്തിയ ശേഷം കുവൈത്തും ബഹ്‌റൈനും പിന്നീട് വ്യോമപാതകൾ ഭാഗികമായി തുറന്നു നൽകി. മേഖലയിൽ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരുകയാണ്.

Related Articles

- Advertisement -spot_img

Latest Articles