അബൂദബി: പശ്ചിമേഷ്യയിൽ സംഘർഷം പാരമ്യത്തിലെത്തിച്ച് യുഎഇയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. അബൂദബിയിലെ അൽ-ദഫ്ര വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ, മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ വീണ് ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. ഇറാൻ തൊടുത്തുവിട്ട നിരവധി ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനമുപയോഗിച്ച് തടഞ്ഞതായി എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. അൽ-ദഫ്രയ്ക്ക് പുറമെ ഖത്തറിലെ അൽ-ഉദൈദ്, കുവൈറ്റിലെ അൽ-സലേം, ബഹ്‌റൈനിലെ യുഎസ് നാവിക താവളം എന്നിവയും ഇറാന്റെ ലക്ഷ്യപ്പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ നടപടി ദേശീയ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും ഉചിതമായ രീതിയിൽ തിരിച്ചടി നൽകാൻ രാജ്യത്തിന് അവകാശമുണ്ടെന്നും യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തെ ഭീരുത്വപരമായ പ്രവൃത്തിയെന്നാണ് യുഎഇ വിശേഷിപ്പിച്ചത്. അതേസമയം, ഗൾഫ് മേഖലയിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പ്രതികരിച്ചു. സംഘർഷം ലഘൂകരിക്കാനായി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണെന്നും സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ വലിയ ആശങ്കയോടെയാണ് നിലവിലെ സാഹചര്യത്തെ വീക്ഷിക്കുന്നത്.



