റിയാദ്: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ഫെബ്രുവരി 28-ന് പുറത്തിറക്കിയ പ്രത്യേക നിർദ്ദേശത്തിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയിലെ പ്രാദേശിക അധികാരികളും ഇന്ത്യൻ എംബസിയും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ പൗരന്മാർ കർശനമായി പാലിക്കണം. നിലവിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. പൗരന്മാർക്ക് 00-966-11-4884697 എന്ന നമ്പറിലോ, 800 247 1234 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ 00-966-542126748 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കാനും സൗകര്യമുണ്ട്.
കൂടുതൽ സഹായങ്ങൾക്കായി cw.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണെന്ന് അറിയിപ്പിൽ പറയുന്നു.



