തിരുവനന്തപുരം : ഇസ്രായേൽ, ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന അതീവ സംഘർഷാവസ്ഥ കണക്കിലെടുത്ത്, അവിടെയുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.
ഈ പ്രദേശങ്ങളിൽ വസിക്കുന്ന പ്രവാസികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇതിനായി അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യമുള്ള +91-8802012345 എന്ന നമ്പറിലും, ഇന്ത്യയിൽ നിന്നും വിളിക്കുന്നവർക്ക് 18004253939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാസികളുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഘർഷ മേഖലയിലുള്ളവർ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരുന്നതിനും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും നിർദ്ദേശമുണ്ട്.



