ദുബായ് : ലോകം മറ്റൊരു വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടരുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറിയും മആ്‌ദിൻ അക്കാദമി ചെയർമാനുമായ ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശങ്ക അറിയിച്ചു.
നിലവിൽ യുഎഇയിലുള്ള അദ്ദേഹം, ജനങ്ങൾക്കിടയിലുള്ള ഭീതി നേരിട്ട് മനസ്സിലാക്കുന്നുണ്ടെന്നും സമാധാനത്തോടെ കഴിഞ്ഞുകൂടുന്ന പാവപ്പെട്ട മനുഷ്യർ പെട്ടെന്ന് യുദ്ധത്തിന്റെ ഭീകരതയിലേക്ക് വലിച്ചെറിയപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും കുറിപ്പിൽ പറയുന്നു.
മലയാളി ഉൾപ്പെടെ ദശലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ഗൾഫ് മേഖല വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്ത് എത്രയും പെട്ടെന്ന് സമാധാനം പുലരാൻ എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു.
വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാർത്ഥനയാണെന്നും വിശുദ്ധ റമളാനിലെ പവിത്രമായ നിമിഷങ്ങളിൽ നടത്തുന്ന പ്രാർത്ഥനകൾക്ക് വലിയ ഫലമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ, കൂട്ടമായും വ്യക്തിപരമായും നടത്തുന്ന ഓരോ പ്രാർത്ഥനകളിലും ലോകസമാധാനത്തിന് വേണ്ടി പ്രത്യേകമായി ഇടം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ ഈ വലിയ വിപത്തിൽ നിന്നും കാത്തുരക്ഷിക്കേണമേ എന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.



