കൊച്ചി: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധ എയർലൈനുകൾ സർവീസുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടുമിക്ക സർവീസുകളെയും നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണം. പല വിമാനങ്ങളും പാതിവഴിയിൽ നിന്ന് തിരിച്ചയക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്തു. വരും ദിവസങ്ങളിലും സർവീസുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. യാത്ര തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിലെ സംഘർഷം ലഘൂകരിക്കപ്പെട്ടാൽ മാത്രമേ വിമാന സർവീസുകൾ പഴയപടിയാകൂ എന്നാണ് സൂചന.



