റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ആഭ്യന്തര തീർഥാടകർ നിർബന്ധിത വാക്സിനുകൾ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നീക്കമാണിത്. ഹജ്ജിനെത്തുന്ന എല്ലാ തീർഥാടകർക്കും മെനിഞ്ചൈറ്റിസ് (Meningococcal) വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ വാക്സിൻ എടുക്കാത്ത ആരോഗ്യ പ്രവർത്തകരും ഇത് സ്വീകരിക്കേണ്ടതുണ്ട്. തീർഥാടകർക്ക് തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ ‘സീഹത്തി’ (Sehhaty) ആപ്പ് വഴി പരിശോധിക്കാവുന്നതാണ്.
മെനിഞ്ചൈറ്റിസ് വാക്സിനു പുറമെ, സീസണൽ ഇൻഫ്ലുവൻസ, കോവിഡ്-19 വാക്സിനുകൾ എടുക്കാനും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ഇൻഫ്ലുവൻസ വാക്സിൻ 2025 സെപ്റ്റംബർ ഒന്നിന് ശേഷവും, കോവിഡ് വാക്സിൻ 2025 ജനുവരി ഒന്നിന് ശേഷവുമാണ് എടുത്തിട്ടുള്ളതെന്ന് ഉറപ്പാക്കണം. ഹജ്ജിനൊരുങ്ങുന്ന തീർഥാടകരും ആരോഗ്യ പ്രവർത്തകരും എത്രയും വേഗം ‘സീഹത്തി’ ആപ്പ് വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്ത് വാക്സിനേഷൻ ക്ലിനിക്കുകളിൽ നിന്ന് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. പ്രതിരോധ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലൂടെ തീർഥാടകർക്ക് സുരക്ഷിതമായി ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.



