കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ ഞായറാഴ്ച മുതൽ പഠനം ഓൺലൈൻ വഴിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്താണ് ക്ലാസുകൾ താൽക്കാലികമായി ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ എല്ലാ സ്കൂൾ അധികൃതർക്കും കൈമാറിക്കഴിഞ്ഞു.
വിദ്യാർഥികൾക്ക് പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ടീംസ് (Teams) പ്ലാറ്റ്‌ഫോം വഴിയായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. ഞായറാഴ്ച മുതൽ നിശ്ചിത സമയക്രമം അനുസരിച്ച് ക്ലാസുകൾ നടക്കും. സാഹചര്യം വിലയിരുത്തിയ ശേഷം നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു. രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.



