ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ മേഖല അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇസ്രായേലിലെ പ്രധാന നഗരങ്ങളിൽ ഇറാന്റെ പ്രത്യാക്രമണത്തിൽ മിസൈലുകൾ പതിച്ചതായും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന് പിന്നാലെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഒരു കപ്പലിനെയും കടത്തിവിടില്ലെന്നും പാത സുരക്ഷിതമല്ലെന്നും ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി. ഇതോടെ ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റത്തിന് സാധ്യതയേറി.
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയായതിനാൽ ഈ പാത അടച്ചത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുലയ്ക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ വഴിയിലൂടെയായതിനാൽ രാജ്യത്തും ഇന്ധനവില കുതിച്ചുയരാൻ ഇത് കാരണമാകും. ഇസ്രായേലിൽ പലയിടത്തും ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതായാണ് വിവരം. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.



