ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിന് നേരെ അതിശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ട് ഇറാൻ. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ഇസ്രായേലിലെ വിവിധ സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചത്. ഖാംനഈയുടെ മരണത്തിന് പകരമായി ‘ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി’ നൽകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിലെ തെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മിസൈലുകൾ പതിച്ചത്. ഇസ്രായേലിലുടനീളം അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു.
ഇറാന്റെ മിസൈൽ വർഷത്തെത്തുടർന്ന് ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായെങ്കിലും പലയിടത്തും മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രായേൽ പ്രതിരോധം തീർക്കുന്നത്. അതേസമയം, ഇറാന്റെ ഈ നീക്കം മേഖലയെ പൂർണ്ണമായ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹം പങ്കുവെക്കുന്നു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ വ്യോമപാതകൾ പല രാജ്യങ്ങളും അടച്ചു. തിരിച്ചടി തുടരുമെന്നും തങ്ങളെ പ്രകോപിപ്പിക്കുന്നവർക്ക് വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. വരും മണിക്കൂറുകളിൽ മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറുകയാണ്.



