ജെറൂസലേം: ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് നഗരത്തിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു. മധ്യ ഇസ്രായേലിലെ ജനവാസ മേഖല ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെറൂസലേമിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലും മുനിസിപ്പൽ ഷെൽട്ടറിലുമാണ് മിസൈലുകൾ പതിച്ചത്. ആക്രമണത്തിൽ ഇരുപത്തിയെട്ടോളം പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും ഇസ്രായേൽ ആരോഗ്യവിഭാഗമായ മാഗൻ ഡേവിഡ് അഡോം (MDA) സ്ഥിരീകരിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി സൈന്യത്തിന്റെയും മെഡിക്കൽ സംഘത്തിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ ഹെലികോപ്റ്റർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, ശത്രുക്കൾക്കെതിരായ ആക്രമണം തുടരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈയുടെ പാത പിന്തുടർന്ന് ശത്രുക്കളുടെ സൈനിക താവളങ്ങൾ തകർക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അതീവ ഗുരുതരമായിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾ തുടരുന്നതിനിടെയാണ് ഈ ദാരുണമായ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



