18.6 C
Saudi Arabia
Sunday, March 1, 2026
spot_img

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ അതിശക്തമായ പ്രത്യാക്രമണവുമായി ഇറാൻ. ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ് (USS Abraham Lincoln) നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) അറിയിച്ചു. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നാല് ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കൻ കപ്പലിൽ നേരിട്ട് പതിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം. ഖാംനഈയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇറാന്റെ അവകാശവാദത്തോട് അമേരിക്കൻ പ്രതിരോധ വകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മേഖലയിലെ യുഎസ് സേന അതീവ ജാഗ്രതയിലാണ്.

അതിനിടെ, ഇസ്രായേലിലെ ബെയ്ത്ത് ശെമേശിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. നഗരത്തിലെ ബോംബ് ഷെൽട്ടറിന് മുകളിലേക്ക് മിസൈൽ പതിച്ചതിനെത്തുടർന്ന് തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ദുരന്തസ്ഥലത്തുണ്ടായിരുന്ന 20 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബെയ്ത്ത് ശെമേശ് മേയർ ശാമുവൽ ഗ്രീൻബെർഗ് വ്യക്തമാക്കി. ഖാംനഈയുടെ വധത്തോടെ പശ്ചിമേഷ്യയിൽ ഇത്രയും കാലം നിലനിന്നിരുന്ന സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് വഴിമാറുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles