21.9 C
Saudi Arabia
Monday, March 9, 2026
spot_img

‘ഇനി ആക്രമിച്ചാൽ തിരിച്ചടിക്കും’; ഇറാന് കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: മേരിക്കയുമായുള്ള ഇറാന്റെ സംഘർഷത്തിൽ നയതന്ത്രപരമായ പരിഹാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും, സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് റിയാദ് ടെഹ്‌റാനെ അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി മണ്ണിലോ ഊർജ്ജ കേന്ദ്രങ്ങളിലോ ഇറാന്റെ ആക്രമണം തുടർന്നാൽ, ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ മണ്ണിലെ അമേരിക്കൻ താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകാൻ റിയാദ് നിർബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നീക്കം തുടങ്ങിയത് മുതൽ ഇറാൻ അയൽരാജ്യങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിവരികയാണ്. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഇറാന്റെ പ്രഹരമേറ്റു. ഈ സാഹചര്യത്തിലാണ് സംഘർഷം ലഘൂകരിക്കാനുള്ള ഏത് നയതന്ത്ര ശ്രമങ്ങളോടും സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുമ്പോൾ തന്നെ, തങ്ങളുടെ സുരക്ഷ അപകടത്തിലായാൽ നിശബ്ദത പാലിക്കില്ലെന്ന് സൗദി കടുത്ത ഭാഷയിൽ അറിയിച്ചത്. നിലവിൽ ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് തങ്ങളുടെ ആകാശമോ ഭൂമിയോ വിട്ടുനൽകിയിട്ടില്ലെന്ന് ഗൾഫ് രാജ്യങ്ങൾ ആവർത്തിച്ചു.

അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കുണ്ടായ പ്രത്യാഘാതങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ക്ഷമാപണം നടത്തി. അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തിവെക്കാൻ ഇറാൻ താൽക്കാലിക കൗൺസിൽ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാൽ ഇറാന്റെ സൈനിക നേതൃത്വം ഇതിനോട് പൂർണ്ണമായി യോജിക്കുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. മേഖലയിലെ അമേരിക്കൻ-ഇസ്രായേൽ താവളങ്ങൾ ഇനിയും തങ്ങളുടെ ലക്ഷ്യങ്ങളായിരിക്കുമെന്ന് ഇറാന്റെ സായുധ സേനാ കമാൻഡ് പ്രസ്താവനയിറക്കി. ഇറാൻ കീഴടങ്ങിത്തുടങ്ങിയെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത പ്രഹരമാണ് ഇതിന് കാരണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles