റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ എത്തിയ ഇരുന്നൂറോളം പ്രവാസികൾക്ക് റിയാദ് വിമാനത്താവളത്തിൽ തുണയായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. റിയാദ് വഴി നാട്ടിലേക്ക് പോകുവാൻ കണക്ഷൻ ഫ്ലൈറ്റുകൾ എടുത്തിരുന്ന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതോടെയാണ് ഇവർ ദുരിതത്തിലായത്.
കുടുംബങ്ങളും രോഗികളും ഗർഭിണികളും കുട്ടികകളുമടക്കം നിരവധി ആളുകളാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിവരമറിഞ്ഞ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വെൽഫെയർ വിങ് പ്രവർത്തകരും വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു.
അടിയന്തര സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സംഘം ഉറപ്പുവരുത്തി. പ്രത്യേകിച്ച് രോഗികളായവർക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകാൻ പ്രവർത്തകർ മുൻകൈ എടുത്തു. കൂടാതെ, വിമാനത്താവളത്തിൽ കുടുങ്ങിയ മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാനും അവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഒരുക്കാനും കെഎംസിസി മുന്നിട്ടിറങ്ങി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, വെൽഫെയർ വിംഗ് ചെയർമാനും സെക്രട്ടറിയുമായ റഫീഖ് മഞ്ചേരി, ഭാരവാഹികളായ അസീസ് വെങ്കിട്ട, അഷ്റഫ് കൽപകഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ മെഹ്ബൂബ് ചെറിയ വളപ്പിൽ, റിയാസ് തിരൂർക്കാട്, ഹാഷിം കോട്ടക്കൽ, അഷ്റഫ് കൽപ്പറ്റ, റസാഖ് പൊന്നാനി, നസീർ വളപുരം, മുസമ്മിൽ പാലത്തിങ്ങൽ, ഷറഫു മടവൂർ, ഷഫീഖ് കുറുവ, ദഖ്വാൻ വയനാട്, സജീം പാനൂർ, ഇസ്ഹാഖ് താനൂർ എന്നിവരാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയിൽ യാത്രക്കാർക്ക് വലിയ ആശ്വാസമായാണ് കെഎംസിസി പ്രവർത്തകരുടെ ഇടപെടൽ മാറിയത്. സഹായം ലഭിച്ചതിൽ യാത്രക്കാർ കെഎംസിസി പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തി.



