20.9 C
Saudi Arabia
Tuesday, March 10, 2026
spot_img

ഇറാൻ്റെ മിസൈൽ മഴയെ തടഞ്ഞ് സൗദി വ്യോമ പ്രതിരോധം; രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് എം.ബി.എസ്

റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി മന്ത്രിസഭ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് ഇറാൻ്റെ സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ശത്രുരാജ്യങ്ങൾ തൊടുത്തുവിടുന്ന മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ചുതന്നെ തകർക്കുന്ന സൗദി വ്യോമപ്രതിരോധ സേനയുടെ അസാമാന്യ മികവിനെ മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു. രാജ്യത്തിൻ്റെ പരമാധികാരവും സമാധാനവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദിക്ക് പൂർണ്ണ അവകാശമുണ്ടെന്നും, ശത്രുവിൻ്റെ ഏതൊരു പ്രകോപനത്തെയും പ്രതിരോധിക്കുമെന്നും യോഗം വ്യക്തമാക്കി.

സൗദി അറേബ്യക്ക് പുറമെ ജിസിസി രാജ്യങ്ങൾക്കും ഇതര അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. വിമാനത്താവളങ്ങളെയും എണ്ണ സംഭരണ ശാലകളെയും ലക്ഷ്യം വെക്കുന്നതിലൂടെ പ്രാദേശിക സുരക്ഷയെ തകർക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ജിസിസി, യൂറോപ്യൻ യൂണിയൻ, അറബ് ലീഗ് എന്നിവർ ഇറാനെതിരെ കൈക്കൊണ്ട സംയുക്ത നിലപാടിനെ സൗദി സ്വാഗതം ചെയ്തു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ മക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ സിവിൽ ഡിഫൻസ് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിൻ്റെ വിജയം സൗദി സമൂഹത്തിലെ ഐക്യദാർഢ്യത്തിൻ്റെ അടയാളമാണെന്നും വാർത്താ വിതരണ മന്ത്രി സൽമാൻ അൽ ദോസരി അറിയിച്ചു.

യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ നീക്കങ്ങൾക്കിടയിലും രാജ്യത്തിൻ്റെ സാംസ്കാരിക-സാങ്കേതിക വികസനത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊണ്ടു. മാർച്ച് 11-ന് ആഘോഷിക്കുന്ന സൗദി പതാക ദിനം രാജ്യത്തിൻ്റെ ദേശീയ അഭിമാനത്തിൻ്റെ പ്രതീകമാണെന്ന് യോഗം ഓർമ്മിപ്പിച്ചു. കൂടാതെ, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് കൾച്ചറൽ സ്റ്റഡീസ് സ്ഥാപിക്കുന്നതിനും കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയുടെ പുതിയ നിയന്ത്രണങ്ങൾക്കും അംഗീകാരം നൽകി. സാങ്കേതിക വിദ്യയിലെ മുന്നേറ്റം ലക്ഷ്യമിട്ട് 2026-നെ ‘കൃത്രിമ ബുദ്ധി വർഷം’ (Year of Artificial Intelligence) ആയി പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആധുനിക സാങ്കേതിക വിദ്യയിലൂടെ രാജ്യത്തിൻ്റെ ഭാവി സുരക്ഷിതമാക്കാനുള്ള സൗദിയുടെ നിശ്ചയദാർഢ്യത്തിൻ്റെ അടയാളമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles