തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ആര്യനാട് പറണ്ടോട് സ്വദേശി ആനന്ദ് (21) ആണ് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ലോൺ ആപ്പ് വഴി എടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന്, സ്ഥാപനം ആനന്ദിന്റെ ചിത്രങ്ങൾ അശ്ലീലമായ രീതിയിൽ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മാർച്ച് 4-ന് ഉച്ചക്ക് താൻ ജോലി ചെയ്തിരുന്ന പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കുടിച്ചത്. അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ മരണത്തിന് ഉത്തരവാദികളായ ലോൺ ആപ്പ് മാഫിയയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.



