22.6 C
Saudi Arabia
Tuesday, March 17, 2026
spot_img

ഗ്യാസ് തീർന്നു, തിരുവനന്തപുരം ലോ കോളേജിൽ ക്ലാസ്സ് ഹൈബ്രിഡായി: ഹോസ്റ്റൽ പ്രവർത്തനം നിലച്ചു.

തിരുവനന്തപുരം: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം സർക്കാർ ലോ കോളേജിന്റെ പ്രവർത്തനങ്ങളിലും ഹോസ്റ്റൽ സൗകര്യങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർച്ച് 18 മുതൽ രണ്ട് ദിവസത്തേക്ക് ക്ലാസുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമായിരിക്കും നടക്കുക.

എന്നാൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഹൈബ്രിഡ് രീതിയിൽ തുടരുന്നതാണ്.
ഹോസ്റ്റലിലെ മെസ് സൗകര്യത്തെ പാചക വാതകക്ഷാമം സാരമായി ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി. നിലവിൽ സർവ്വകലാശാല പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി ഹോസ്റ്റൽ പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ എഴുതുന്നവർ ഒഴികെയുള്ള മറ്റെല്ലാ വിദ്യാർത്ഥികളോടും മാർച്ച് 17 മുതൽ ഹോസ്റ്റൽ ഒഴിയാൻ അധികൃതർ നിർദ്ദേശിച്ചു.

സിലിണ്ടറുകൾ ലഭ്യമാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വിതരണം പുനഃസ്ഥാപിക്കാത്തതിനാലാണ് വിദ്യാർത്ഥികളുടെ സൗകര്യം മുൻനിർത്തി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് കോളേജ് അധികൃതർ രക്ഷിതാക്കളെ അറിയിച്ചു.
ഈദ് അവധി കൂടി കണക്കിലെടുത്ത്, മാർച്ച് 23 തിങ്കളാഴ്ച സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തും. അതിനിടയിൽ പാചക വാതക വിതരണം സാധാരണ നിലയിലാകുകയാണെങ്കിൽ മാർച്ച് 22 മുതൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിലേക്ക് തിരികെ പ്രവേശിക്കാവുന്നതാണ്.

സ്ഥിതിഗതികളിൽ മാറ്റമില്ലെങ്കിൽ പുതുക്കിയ നിർദ്ദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും കോളേജ് ഭരണകൂടം വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles