ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം മൂന്നാം വാരത്തിലും തുടരുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും പോർക്കളത്തിലെ നീക്കങ്ങളും അതീവ ഗുരുതരമാകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധഭീഷണികൾക്ക് മറുപടിയുമായി ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം സോൾഫഗാരി രംഗത്തെത്തി.
യുദ്ധങ്ങളുടെ വിധി തീരുമാനിക്കപ്പെടുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലല്ല, മറിച്ച് നേരിട്ടുള്ള യുദ്ധക്കളത്തിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കയുടെ സൈനിക നീക്കത്തിന് നൽകിയിരിക്കുന്ന “എപ്പിക് ഫ്യൂറി” എന്ന പേരിനെ പരിഹസിച്ച സോൾഫഗാരി, ഇതിനെ “എപ്പിക് ഫിയർ” അഥവാ ‘മഹാ ഭയം’ എന്ന് വിളിക്കുന്നതാകും ഉചിതമെന്ന് പറഞ്ഞു. അമേരിക്കൻ സൈന്യത്തിന്റെ ഭീതിയാണ് ഇത്തരം ഗീർവാണങ്ങളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ തള്ളിക്കളഞ്ഞ പ്രസിഡന്റ് ട്രംപ്, ഇറാൻ നിലവിൽ പൂർണ്ണമായും പരാജയപ്പെട്ട നിലയിലാണെന്നും ചർച്ചകൾക്ക് അവർ തയ്യാറാണെന്നും അവകാശപ്പെട്ടു. “ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് സ്വീകാര്യമായ നിബന്ധനകളിലല്ല അവർ സംസാരിക്കുന്നത്” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. യുഎസ് സൈന്യം ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായും, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മേഖലയിലെ തങ്ങളുടെ താവളങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പെന്റഗണും വ്യക്തമാക്കിയിട്ടുണ്ട്.



