റിയാദ്: സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കിയ അത്യാധുനിക ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം’ വിജയകരമായി പ്രവർത്തനസജ്ജമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ സുരക്ഷാ മുന്നറിയിപ്പ് സന്ദേശങ്ങൾ മൊബൈൽ ഫോണുകളിൽ ലഭിച്ചുതുടങ്ങി.
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് സുരക്ഷാ കവചമൊരുക്കുന്ന സൗദി സിവിൽ ഡിഫൻസിന്റെ നീക്കം വലിയ ആശ്വാസത്തോടെയാണ് പ്രവാസികളടക്കമുള്ളവർ നോക്കി കാണുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ തത്സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ഒരുക്കിയിരിക്കുന്നത്.
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഫോണുകളിലെത്തുന്ന ഈ സന്ദേശങ്ങൾ, ഏത് പ്രതികൂല സാഹചര്യത്തിലും ജനങ്ങളെ സുരക്ഷിതരായിരിക്കാൻ സഹായിക്കും. നിലവിൽ അലർട്ടുകൾ ലഭിച്ചുതുടങ്ങിയെങ്കിലും, എല്ലാവരിലേക്കും ഈ സുരക്ഷാ സന്ദേശങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മൊബൈൽ ഫോണുകളിൽ ലളിതമായ ചില മാറ്റങ്ങൾ വരുത്താൻ അധികൃതർ നിർദ്ദേശിക്കുന്നു.
മുന്നറിയിപ്പുകൾ ലഭിക്കാൻ ഫോണുകളിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ:
ഐഫോൺ ഉപയോക്താക്കൾ: സെറ്റിംഗ്‌സിലെ നോട്ടിഫിക്കേഷൻസ് വിഭാഗത്തിൽ ഏറ്റവും താഴെയായി കാണുന്ന ‘ഗവൺമെന്റ് അലർട്ട്‌സ്’ എന്ന ഓപ്ഷൻ എനേബിൾ ചെയ്യുക. അലർട്ടുകൾക്കൊപ്പം ടെസ്റ്റ് അലർട്ടുകളും ഓൺ ചെയ്യുന്നത് വഴി സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
ആൻഡ്രോയിഡ് ഉപയോക്താക്കൾ: സെറ്റിംഗ്‌സിൽ നോട്ടിഫിക്കേഷൻസ് വിഭാഗത്തിലെ ‘അഡ്വാൻസ്ഡ് സെറ്റിംഗ്‌സ്’ തുറന്ന് ‘വയർലെസ് എമർജൻസി അലർട്ട്‌സ്’ എന്ന ഓപ്ഷൻ പ്രവർത്തനസജ്ജമാക്കുക.
സൗദിയിലെ എല്ലാ ജീവനക്കാരും താമസക്കാരും സംവിധാനം പ്രയോജനപ്പെടുത്താൻ ശ്രദ്ദിക്കുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അപകടസാധ്യതകൾ മുൻകൂട്ടി അറിയിക്കാനും സുരക്ഷിതമായ ഒരു ജീവിതസാഹചര്യം ഒരുക്കാനുമുള്ള ഭരണകൂടത്തിന്റെ പരിശ്രമത്തിൽ പങ്കാളികാളാവുക.



