പശ്ചിമേഷ്യൻ മണ്ണ് യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും കനൽവഴികളിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായ ഒരു സാഹചര്യത്തിലാണ് ഈ വർഷത്തെ പെരുന്നാൾ നമ്മെ തേടിയെത്തുന്നത്. ആകാശത്ത് മിസൈലുകളും ഡ്രോണുകളും ഭീതി വിതയ്ക്കുമ്പോഴും, സമാധാനത്തിന്റെ വെളിച്ചം തേടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് ഈ സുദിനത്തിൽ വലിയ പ്രസക്തിയുണ്ട്.
ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾക്ക് ശേഷം കടന്നുവരുന്ന പെരുന്നാൾ, അതിജീവനത്തിന്റെ വലിയൊരു സന്ദേശമാണ് നമുക്ക് നൽകുന്നത്. നമ്മുടെ ചുറ്റും പുകയുന്ന യുദ്ധാഗ്നിയും ആകുലതകളും മാഞ്ഞുപോകണമെന്നും, നാം വിയർപ്പൊഴുക്കുന്ന ഈ പ്രവാസഭൂമിയിൽ വീണ്ടും ശാന്തിയും സമാധാനവും തുടരണമെന്നുമാണ് ഈ വേളയിൽ നമുക്ക് ഓരോരുത്തർക്കും ആഗ്രഹിക്കാനുള്ളത്.
ഇസ്രായേലിന്റെ ക്രൂരമായ അക്രമങ്ങളിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ നോവ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്. ഈ പ്രയാസകരമായ ഘട്ടത്തിൽ ഫലസ്തീൻ ജനതയ്ക്ക് കരുത്തായി നിൽക്കുന്ന സൗദി ഭരണകൂടത്തിന്റെ നിലപാടുകൾ ഏറെ പ്രശംസനീയമാണ്. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ സൗദി അറേബ്യ നൽകുന്ന നയതന്ത്ര പിന്തുണയും മാനുഷിക സഹായങ്ങളും ഫലസ്തീൻ ജനതയോടുള്ള വലിയൊരു ഐക്യദാർഢ്യമാണ്. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഈ പിന്തുണ ലോകത്തിന് തന്നെ വലിയൊരു മാതൃകയാണ്.
യുദ്ധക്കെടുതിയിൽ വേദനിക്കുന്നവർക്കും, ഉറ്റവരെ നഷ്ടപ്പെട്ടവർക്കും വേണ്ടി ഈ പുണ്യദിനത്തിൽ നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം. നാടിനെയും വീട്ടുകാരെയും ഓർത്ത് ആശങ്കപ്പെടുന്ന ഓരോ പ്രവാസിക്കും ഈ പെരുന്നാൾ മാനസികമായ ആശ്വാസവും കരുത്തും പകരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. വിദ്വേഷത്തിന്റെയും പകയുടെയും ആയുധങ്ങൾ താഴെവെച്ച്, ലോകം മാനവികതയുടെയും സ്നേഹത്തിന്റെയും ഭാഷയിലേക്ക് തിരിച്ചുവരുന്ന ഒരു പുലരിക്കായി നമുക്ക് കൈകോർക്കാം.
ഐ സി എഫ് സൗദി നാഷണൽ പ്രസിഡന്റാണ് അബ്ദുറഷീദ് സഖാഫി മുക്കം.



