മനാമ: ഇറാനുമായുള്ള പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ആറ് പ്രമുഖ രാജ്യങ്ങൾ കൈകോർക്കുന്നു. ഗൾഫ് മേഖലയിലെ സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സംയുക്തമായി പ്രവർത്തിക്കുമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ പറഞ്ഞു. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രാജ്യങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും അവിടെയുണ്ടാകുന്ന ഏത് തടസ്സവും ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി വിപുലമായ നിരീക്ഷണ സംവിധാനങ്ങളും നാവിക സഹകരണവും ശക്തിപ്പെടുത്താനാണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. സമുദ്ര സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ഭീഷണികൾ തടയാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ തുടരണമെന്നും ആറ് രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും ഈ സഖ്യം വ്യക്തമാക്കി. ഈ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും രാജ്യങ്ങൾ അഭ്യർത്ഥിച്ചു.



