ബെയ്റൂത്ത്: ലെബനാനിലെ ഇറാനിയൻ സ്ഥാനപതിയുടെ അംഗീകാരം റദ്ദാക്കിയതായും അടുത്ത ഞായറാഴ്ചയ്ക്കുള്ളിൽ അദ്ദേഹം രാജ്യം വിടണമെന്നും ലെബനാൻ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇറാനിയൻ ചാർജ് ഡി അഫയേഴ്‌സിനെ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഈ തീരുമാനം അറിയിച്ചത്. ഇറാൻ നിയോഗിച്ച സ്ഥാനപതി മുഹമ്മദ് റെസ ഷെയ്ബാനിയെ ‘പെർസോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച ലെബനാൻ, മാർച്ച് 29-നകം അദ്ദേഹം ലെബനാൻ മണ്ണ് വിട്ടുപോകണമെന്ന് കർശന നിർദ്ദേശം നൽകി. ഇതിന് പിന്നാലെ ഇറാനിലെ ലെബനീസ് സ്ഥാനപതിയെ കൂടിയാലോചനകൾക്കായി തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേലിനെതിരെയുള്ള യുദ്ധത്തിൽ ഹിസ്ബുള്ളയുടെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് ആണെന്ന ഗൗരവതരമായ ആരോപണമാണ് ലെബനാൻ ഉന്നയിക്കുന്നത്. ലെബനാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നേരിട്ട് ഇടപെടുന്നത് നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇറാനുമായി കാലങ്ങളായി നിലനിൽക്കുന്ന നയതന്ത്ര കീഴ്വഴക്കങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ രീതിയിലാണ് ടെഹ്‌റാൻ പ്രവർത്തിക്കുന്നതെന്ന് ബെയ്റൂട്ട് ആരോപിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം മേഖലയെയാകെ അസ്ഥിരമാക്കുന്നതിനിടെയാണ് ലെബനാനും ഇറാനും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ ലെബനീസ് സർക്കാരിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന വിമർശനം രാജ്യത്തിനുള്ളിൽ ശക്തമാണ്. നേരത്തെ ജിസിസി രാജ്യങ്ങൾ ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പിന്നാലെ ലെബനാനും ഇതേ പാത സ്വീകരിച്ചത് പശ്ചിമേഷ്യയിലെ നയതന്ത്ര സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷകർ കരുതുന്നു.



