തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 62.5 ലക്ഷം രൂപ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഉദയ് ശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുടിക്കോട് വച്ച് കർണാടക ആർടിസി ബസ്സിൽ നടത്തിയ പരിശോധനയ്ക്കിടെ യാണ് ഇയാൾ പിടിയിലായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്സൈസ് സ്ക്വാഡ് നടത്തിവരുന്ന പ്രത്യേക വാഹന പരിശോധനയ്ക്കിടെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.
കർണാടകയിലെ തന്റെ സ്ഥലം വിറ്റുകിട്ടിയ പണമാണിതെന്നും കൊച്ചിയിൽ പുതിയ സ്ഥലം വാങ്ങാനായി അഡ്വാൻസ് നൽകാൻ കൊണ്ടു പോകുന്നതാണെന്നുമാണ് ചോദ്യം ചെയ്യലിൽ ഉദയ് ശങ്കർ വ്യക്തമാക്കിയത്. എന്നാൽ, ഈ ഇടപാടുകൾ സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖകളൊന്നും ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണം എക്സൈസ് സംഘം തുടർനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി. ഈ തുക തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.



