റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സവിശേഷ സാഹചര്യം പരിഗണിച്ച്, സൗദി അറേബ്യയിൽ നിന്ന് കൃത്യസമയത്ത് മടങ്ങാൻ കഴിയാതെ വിസ കാലാവധി തീർന്നുപോയവർക്ക് വലിയ ആശ്വാസവുമായി സൗദി പാസ്പോർട്ട് വിഭാഗം. ഇത്തരം യാത്രക്കാർക്ക് പ്രത്യേക പിഴയോ മറ്റ് നിയമനടപടികളോ നേരിടാതെ തന്നെ രാജ്യം വിടാൻ അനുമതി നൽകുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ജവാസാത്ത് പുറത്തിറക്കി.
ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്,
ടൂറിസ്റ്റ് വിസിറ്റ് തുടങ്ങിയ വിവിധ തരം സന്ദർശക വിസകൾ, ഉംറ വിസ, ട്രാൻസിറ്റ് വിസ, ഫൈനൽ എക്സിറ്റ് വിസ എന്നിവ കൈവശമുള്ളവർക്ക് ആനുകൂല്യം ലഭിക്കും. 2026 ഫെബ്രുവരി 25 മുതൽ വിസ കാലാവധി അവസാനിച്ചവർക്കാണ് ഇളവ് ബാധകമാകുന്നത്.
വിമാനത്താവളങ്ങളിലോ മറ്റ് അതിർത്തി പോയിന്റുകളിലോ നേരിട്ടെത്തി യാത്രാ നടപടികൾ പൂർത്തിയാക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇതിനായി പാസ്പോർട്ട് ഓഫീസുകൾ സന്ദർശിച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. സേവനത്തിന് പ്രത്യേക ഫീസോ പിഴയോ ഈടാക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇളവ് 2026 ഏപ്രിൽ 18 (1447 ദുൽ ഖഅദ് 1) വരെ മാത്രമേ ലഭ്യമാകൂ എന്നതിനാൽ ഗുണഭോക്താക്കൾ നിശ്ചിത തീയതിക്ക് മുമ്പ് തന്നെ രാജ്യം വിടാൻ ശ്രദ്ധിക്കേണ്ടതാണ്.
അതേസമയം, യാത്ര ചെയ്യാൻ താല്പര്യമില്ലാത്തവർക്കും വിസ നീട്ടി സൗദിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്കും അബ്ഷിർ പ്ലാറ്റ്ഫോമിലെ ‘തവാസുൽ’ സേവനം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
നിലവിലെ സാഹചര്യങ്ങൾ മൂലം സന്ദർശകർക്കുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സൗദി ഭരണകൂടത്തിന്റെ ഈ മാതൃകാപരമായ തീരുമാനം.



