ലണ്ടൻ: ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക പ്രതിസന്ധിക്ക് വഴിമാറുമെന്ന് അന്താരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സിന്റെ (ICC) മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിതരണ ശൃംഖലയെ പൂർണ്ണമായും തകർക്കുന്ന അവസ്ഥയിലാണ്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന കുതിച്ചുചാട്ടവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ലോകമെമ്പാടുമുള്ള നിർമ്മാണ മേഖലകളെയും വ്യവസായങ്ങളെയും നിശ്ചലമാക്കുമെന്ന് ഐ.സി.സി സെക്രട്ടറി ജനറൽ വ്യക്തമാക്കി.
1970-കളിലെ എണ്ണ പ്രതിസന്ധിയേക്കാൾ ആഴത്തിലുള്ള സാമ്പത്തിക ആഘാതമായിരിക്കും വരാനിരിക്കുന്നതെന്നും, ഇത് ലോകരാജ്യങ്ങളെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഊർജ്ജം, ഭക്ഷ്യവസ്തുക്കൾ, ലോഹങ്ങൾ തുടങ്ങിയവയുടെ വില വർദ്ധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. നയതന്ത്ര തലത്തിലുള്ള ഇടപെടലുകളിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ വ്യവസായ ലോകം വൻ തകർച്ച നേരിടേണ്ടി വരുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നൽകുന്നു.



